ചരിത്രം

കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് ഓണാട്ടുകര കാര്‍ഷികമേഖലയിലാണ് തേവലക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പ്രാചീനകാലത്ത് പ്രധാനമായും കാര്‍ഷികവൃത്തി അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ്ഘടനയായിരുന്നു ഈ പ്രദേശത്തും നിലനിന്നിരുന്നത്. ഉള്‍നാടന്‍ ജലാശയമായ അഷ്ടമുടിക്കായലിന്റെ സാമീപ്യവും കല്ലടയാര്‍ ഒഴുക്കിയെത്തിക്കുന്ന ഫലഫൂയിഷ്ഠമായ എക്കല്‍മണ്ണും കാര്‍ഷികാനുബന്ധ വ്യവസായങ്ങളുടെ വളര്‍ച്ചയെ ഒട്ടൊന്നുമല്ല സഹായിച്ചത്. കയര്‍മേഖലയാണ് ഇവിടെയും പ്രധാന വ്യവസായമേഖലയായി വളര്‍ന്നത്. തേവലക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയിലുള്ള ചവറ പഞ്ചായത്തുള്‍പ്പെടെയുള്ള തീരദേശപഞ്ചായത്തുകളിലെല്ലാം തന്നെ ഇതേ കാലയളവില്‍ ധാതുമണല്‍ ഖനനവ്യവസായമാണ് വളര്‍ന്നുവന്നത്. തികഞ്ഞ കാര്‍ഷികഗ്രാമമായ തേവലക്കര പഞ്ചായത്തില്‍ കയര്‍ റാട്ടുകളുടെ ശബ്ദം ഇടതടവില്ലാതെ മുഴങ്ങിയ കാലമുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കിടയില്‍ ഈ പ്രദേശത്തിന് ഗണ്യമായ മാറ്റങ്ങള്‍ സംഭവിച്ചതായി കാണാം. പ്രധാനമായും ഗതാഗതരംഗത്തും ഭവനനിര്‍മ്മാണരംഗത്തുമാണ് സുപ്രധാന മാറ്റങ്ങളുണ്ടായത്. വയലുകള്‍ വലിയൊരളവില്‍ തന്നെ നികത്തി ഭവനനിര്‍മ്മാണത്തിന് ഉപയോഗിച്ചു. പടിഞ്ഞാറന്‍ പഞ്ചായത്തുകളില്‍ നടക്കുന്ന ധാതുമണല്‍ സംസ്കരണഫാക്ടറികളില്‍ നിന്നുണ്ടാക്കുന്ന പരിസ്ഥിതിപ്രശ്നങ്ങള്‍ തേവലക്കര പഞ്ചായത്തിനേയും ബാധിക്കുന്നുണ്ട്. മാലിന്യങ്ങള്‍ അന്തരീക്ഷവായുവിലൂടെയും ജലത്തിലൂടെയും ഇവിടുത്തെ പ്രകൃതിസമ്പത്തിനേയും ദോഷകരമായി ബാധിക്കുന്നു. ജനങ്ങളുടെ പ്രധാന തൊഴില്‍ കാര്‍ഷികവൃത്തിയായിരുന്നെങ്കിലും കാലക്രമേണ കൃഷിയോടുള്ള ആഭിമുഖ്യം കുറഞ്ഞു. അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുടെ സംഖ്യ വലുതാണ്. 1950-കളുടെ ആരംഭം വരെ ഈ പ്രദേശത്തെ ഭൂമിയെല്ലാം ജന്മിമാരുടേയോ ദേവസ്വങ്ങളുടേയോ അധീനതയിലായിരുന്നു. കൃഷിക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നു. ഈ കാലഘട്ടത്തില്‍ നെല്‍കൃഷിയ്ക്ക് വളരെയധികം പ്രാധാന്യമുണ്ടായിരുന്നു. ഭൂപരിഷ്കരണത്തിന്റെ ഫലമായി കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഭൂവുടമകളായി മാറി. കാര്‍ഷികമേഖലയിലുണ്ടായ ഈ മാറ്റം സാമൂഹിക, സാംസ്കാരിക മേഖലയിലും ഒട്ടേറെ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കി. ഉള്‍നാടന്‍ മല്‍സ്യസമ്പത്തിന്റെ ശോഷണം പ്രധാനമായും അശാസ്ത്രീയമായ മല്‍സ്യബന്ധനരീതികൊണ്ടും മലിനീകരണം കൊണ്ടും സംഭവിച്ചതാണെന്നു കാണാം. കയര്‍മേഖലയിലെ ഉല്‍പാദനശോഷണം അവസാനിപ്പിക്കുന്നതിനും തൊഴിലാളികളെ ചെറുകിടകയറുല്‍പാദകരുടെ ചൂഷണത്തില്‍ നിന്നും മോചിപ്പിക്കുന്നതിനും വേണ്ടി 1960-70-കളില്‍ സംസ്ഥാനസര്‍ക്കാരിന്റെ സഹകരണത്തോടെ കയര്‍സഹകരണസംഘങ്ങള്‍ രൂപീകരിക്കയുണ്ടായി. വിദേശമിഷണറിമാരുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇവിടെ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നത്. അയിത്തം കൊടികുത്തിവാണിരുന്ന അക്കാലത്ത് അവര്‍ണ്ണര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. പള്ളികളോടു ചേര്‍ന്നുള്ള വിദ്യാലയങ്ങളില്‍ എല്ലാ വിഭാഗക്കാര്‍ക്കും പ്രവേശനം നല്‍കിയിരുന്നതിനാല്‍ സവര്‍ണ്ണവിഭാഗത്തില്‍പ്പെട്ടവര്‍ ഇത്തരം വിദ്യാലയങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു.