ഒറ്റ നോട്ടത്തില്‍
കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറുള്ള കരുനാഗപ്പള്ളി താലൂക്കില്‍ ചവറ ബ്ളോക്കില്‍ ഓണാട്ടുകര കാര്‍ഷികമേഖലയുടെ തെക്കുഭാഗത്തായാണ് തേവലക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 15.71 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള തേവലക്കര പഞ്ചായത്ത് ചവറ ബ്ളോക്കിലെ സാമാന്യം വിസ്തൃതി കൂടിയ പഞ്ചായത്തുകളിലൊന്നാണ്. 45,000-ത്തിനു മുകളില്‍ ജനസംഖ്യയുള്ള ഈ പഞ്ചായത്ത് ജനസാന്ദ്രതയിലും മുന്നിലാണ്. തേവലക്കര പഞ്ചായത്തില്‍ ഒരു ചതുരശ്രകിലോമീറ്ററിനുള്ളില്‍ ഏകദേശം 3000-ത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നു. അഷ്ടമുടിക്കായലിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന തേവലക്കര പഞ്ചായത്ത് തെങ്ങിന്‍തോപ്പുകളും വയലേലകളും നിറഞ്ഞു പ്രകൃതിരമണീയമായ ഭൂപ്രദേശമാണ്. പ്രദേശത്ത് ചവറ, പന്മന, തേവലക്കര ചകിരി കൊണ്ടു പിഴയ്ക്കണം എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുമാറ് പ്രധാന പരമ്പരാഗതതൊഴില്‍ കയര്‍വ്യവസായമാണ്. ഉള്‍നാടന്‍മല്‍സ്യബന്ധനം ഇവിടുത്തെ മറ്റൊരു പ്രധാനതൊഴിലാണ്. പടിഞ്ഞാറുഭാഗത്ത് പന്മന, ചവറ, തെക്കുംഭാഗം എന്നീ പഞ്ചായത്തുകളും അഷ്ടമുടിക്കായലും തെക്കുഭാഗത്ത് പൂര്‍ണ്ണമായും അഷ്ടമുടിക്കായലും, കിഴക്കുഭാഗത്ത് പടിഞ്ഞാറേക്കല്ലട, മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളും വടക്കുഭാഗത്ത് തൊടിയൂര്‍ പഞ്ചായത്ത് എന്നിവയാണ് തേവലക്കര പഞ്ചായത്തുമായി അതിര്‍ത്തി പങ്കു വയ്ക്കുന്ന പ്രദേശങ്ങള്‍.